നീയന്നെന്തൊരു കുഞ്ഞായിരുന്നു.
കുട്ടി നിക്കറിനടിയില്‍
വെള്ളിയരഞ്ഞാണം കാണിച്ചു,
ഒടിഞ്ഞ തൂക്കു ഡബ്ബറില്‍
ഒരു കൂന നാണമൊളിപ്പിച്ച -
ഒരു ഇത്തിരി കുഞ്ഞ്.
നീ വന്ന വഴികളിലെല്ലാം
പുളി മരമായിരുന്നില്ലേ ?
ഒരു കീശയില്‍ അട മാങ്ങയും,
മറു കീശയില്‍ പയറു തോരനും,
തുടയില്‍ അമ്മ നുള്ളിയ പാടും,
ഹാ !!
ഇന്നത്തെ ഓര്‍മ്മകള്‍
അന്നു കഴിച്ച പുളിയിലാകാം
തികട്ടിയെടുക്കുന്നത്.
നീ കാണിക്കുന്ന പുതിയ
പുസ്തങ്ങളിലെല്ലാം
പഴമക്കാര്‍ കുറിച്ചിട്ട
വരകളും പുള്ളികളുമായിരുന്നു.
എങ്കിലും നീ നീക്കി വച്ച പുത്തകങ്ങള്‍
എനിക്ക്മാത്രം പുത്തനായിരുന്നു.
നിന്‍റെ വക്കു പൊട്ടിയ ‘ല്ല’,
എന്‍റെ പിടി വിട്ടു പോയ ‘ഋ’,
പിന്നീട് ക്ക ങ്ക ങ്ങ യില്‍ കുഞ്ഞു ലോകം
കടന്ന വല്യ നമ്മള്‍.
നിന്‍റെ ഉച്ചപ്പാത്രത്തിലെ ചൂടത്തോരന്‍,
കാച്ചിയ മോര്,
തൈരിട്ട മുളക്,
എന്നും ഞാന്‍ നക്കി തുടക്കുന്ന
നിന്‍റെ വിരലിന്‍റെ സ്വാദ്,
അന്നത്തെ എരിവുകളില്‍
മാത്രമാകാം ഇന്നു കണ്ണിനു
എന്നുമില്ലാത്ത ചുവപ്പ് .
ഇന്നു നീ എത്ര വലുതാ !!
ഇനിയുമൊരു കല്ലുകൊത്തിക്കളിക്ക്
ബാല്യം വേണം എനിക്ക്.
നിന്‍റെ അടുത്ത് വെറുതെയിരിക്കാന്‍ ,
പെന്‍സിലിന്‍റെ അരികു നുണയാന്‍,
ഒന്നിച്ചു മാഷിന്‍റെ നുള്ളു കൊള്ളാന്‍,
കാലു കൊണ്ട് ഗുസ്തി പിടിക്കാന്‍,
നീ നടുന്ന ചെടിക്ക് വെള്ളമൊഴിക്കാന്‍,
പെയ്യുന്ന മഴയിലെല്ലാം
കുടയില്ലാതെ നിന്നോടൊതുങ്ങാന്‍,
നിന്‍റെ അഞ്ജാത പെണ്‍സംശയങ്ങള്‍ക്ക്
മാത്രം ഉത്തരമോതാന്‍,
പൊട്ടിച്ചിരിക്കാന്‍,
ചിരിച്ചുകണ്ണു നിറയ്ക്കാന്‍.
നിനക്കറിയാം
അന്നു നമ്മള്‍ ചുമന്ന ,
ഒത്തിരിയോര്‍മയുടെ കനമുള്ള,
അലൂമിനിയംപെട്ടി നിറയെയിന്നു നമ്മളാന്ന്.
എല്ലാ ജൂണ്‍ ഒന്നിനും
വെറുതെ തുറക്കുന്ന,
ഞാന്‍ വെറുതെ മണപ്പിക്കുന്ന,
നമ്മുടെ ലോകമൊളിപ്പിച്ചയാ,
പള്ളിക്കൂടത്തിന്‍റെ മണമുള്ള
പഴയ അലൂമിനിയപ്പെട്ടി.