ഏഴാം വയസ്സിലാരുന്നു
വരയുടെ കെട്ടു അപ്പാടെ പൊട്ടിയത്
ചപ്പാത്തി മാവു കൊണ്ടുള്ള
രൂപ പരീക്ഷങ്ങളൊക്കെയും
ഇന്ന് പാമ്പായും പറവയായും
കുതിച്ചു പായുന്നു
കുളിക്കാനെന്നു പറഞ്ഞു കയറി
പാത്രത്തിലെ അവസാന തുള്ളിയും
വടിച്ചെടുത്തു കൊണ്ടുള്ളയാ
ചിത്രം വരയുണ്ടല്ലോ,
ഭിത്തിയില്‍ നിന്നും
സ്വപ്ന രൂപങ്ങള്‍ ഒന്നോടെ
തറയിലേക്ക് ഇറങ്ങി വരുന്നത്
ഹാ!! മലയേ,വിളക്കേ,പൂമ്പാറ്റെ..
വയസ്സ് ഇരട്ടിച്ചതൊക്കെയുമറിഞ്ഞത്
ക്ലാസ്സ് ബോര്‍ഡിന്‍റെ അരികുകള്‍ രസിപ്പിച്ച
അമ്പരപ്പിക്കുന്ന ചിത്രപ്പണികള്‍
പൂത്തിറങ്ങിയപ്പോഴും
കോമ്പസിനു ചിറകുകള്‍ മുളച്ചുണ്ടായ
ചില ജാമ്യതീയ രൂപങ്ങള്‍ കണ്ടു
ഉള്ളു തണുത്തപ്പോഴുമായിരുന്നു.
പിന്നെയൊരു ചിത്രകാലം.
മാവില വീഴുന്നതു
കുഴിയാന ഇഴയുന്നത്
വഴി നീളുന്നത്
ഒറ്റക്കണ്ണിന്‍റെ കണ്ണീര്
നിന്‍റെ നുണക്കുഴി
നീ
ഞാന്‍
നമ്മള്‍..
അതിനു ശേഷമുണ്ടായവ
ടെലിഫോണ്‍ ഡയറക്ടറിയുടെ
പേരറിയാ പേജുകളിലും
കട്ടില്‍ കാലുകളിലും
ആലേഖനം ചെയ്യപ്പെട്ടു.
അവസാനമുണ്ടായ ഒന്നിനെ
മനസ്സിന്‍റെ തൂക്കുഡബ്ബര്‍ കൊണ്ടു
ഒറ്റയൊരു മായ്ക്കലായിരുന്നു.
ചത്തുപോയ പറവകള്‍ ,
വെളുത്ത ബോര്‍ഡുകള്‍,
വീഴാന്‍ അറച്ച മാവില,
മണ്ണില്‍ പുതഞ്ഞ കുഴിയാന ,
വാശിക്ക് കരയുന്ന കണ്ണുകള്‍,
ഒട്ടിയ കവിളുകള്‍ ,
നീയില്ല
ഞാന്‍ ഇല്ല
നമ്മളും ഇല്ല .
എല്ലാം ഇല്ലാതായിട്ടും
ഇനിയുള്ള കുറച്ചു ചിത്രങ്ങള്‍
വെള്ളത്തില്‍ വരക്കട്ടെ!!