Sunday, 1 June 2014

***ഇറങ്ങിപ്പോകുന്നവരോട് വീടുകള്‍ പറയുന്നത്***

വീടിറങ്ങി പോകുമ്പോള്‍
തിരിഞ്ഞു നോക്കരുത് .
പിന്നിലേക്ക്‌ വിളിക്കുന്നയൊരു-
പൂമുഖം ഉണ്ടാകും
ചുവരിലെല്ലാം അന്തമില്ലാതെ
പണ്ടെങ്ങോ വരച്ച-
രൂപമില്ലാത്ത രൂപങ്ങളുമുണ്ടാകും,
ആ രൂപങ്ങള്‍ക്ക് കണ്ണുണ്ടാകും,
കരയുന്നയൊരു ചിരിയുണ്ടാകും,
നീ വീഴ്ത്തിയ വിള്ളലുകളുണ്ടാകും.

വീടിറങ്ങി പോകുമ്പോള്‍
പരിസരം നോക്കരുത്.
അയയിന്‍മേല്‍ നീ കിടന്നുറങ്ങിയ വിരിപ്പുണ്ടാകും,
കിണറ്റുവക്കില്‍ നീ കുളിച്ച പാത്രമുണ്ടാകും,
മുറ്റത്ത്‌ നീ നട്ട ചെടികളുണ്ടാകും,
അവയ്ക്കെല്ലാം
നിന്‍റെ രഹസ്യകഥകളൊരുപാടു പറയുവാനുണ്ടാകും.

വീടിറങ്ങി പോകുമ്പോള്‍
എങ്ങും നോക്കരുത്.
നിന്‍റെ എഞ്ചുവടിപുസ്തകം വരെ
വെളുക്കനെ ചിരിക്കും,
എഴുതിക്കൂട്ടിയ വരികള്‍ കൊഞ്ഞനം കുത്തും,
മൂളിനടന്ന പാട്ടുകള്‍ക്ക് വരിതെറ്റും,
നീ വരച്ച ചിത്രങ്ങള്‍ അപ്പാടെ നരക്കും,
നീ ചുവരിലോട്ടിച്ച ചിത്രശലഭങ്ങള്‍
അപ്പോഴേക്കും കൂട്ടമായ്‌ പറന്നു പോയിരിക്കും.

വീടിറങ്ങി പോകുമ്പോള്‍
ആരെയും നോക്കരുത്.
നീ എന്നുമെന്നും മുഖമൊളിപ്പിച്ച -
പിഞ്ചിയ സാരിത്തലപ്പുണ്ടാകുമവിടെ.
ഒരു നീളന്‍ ചിരിയില്‍ സ്നേഹമൊളിപ്പിച്ച,
നിന്നെ ശാസിച്ച ,വിറയ്ക്കുന്ന
ചൂരല്‍ കസേരയുണ്ടാകുമവിടെ,
എന്നും മധുരത്തിന്‍റെ
ഒരുപാതി പകര്‍ന്നു തന്ന
മിണ്ടാനാകാത്ത
ചുണ്ടുകളുണ്ടാകുമവിടെ.

വീടിറങ്ങി പോയിട്ട് നീ
ഒന്നുമോര്‍ക്കരുത് !
നിന്നെക്കുറിച്ചുള്ളവയെല്ലാം
ഒന്നും അവശേഷിപ്പിക്കാതെ,
അന്നേ-

നിന്‍റെ കൂടെ പടിയിറങ്ങി വന്നിരിക്കാം.