Sunday, 29 March 2015

ഒറ്റപെട്ടു പോയവ

ഒറ്റപ്പെട്ടു പോയൊരു
വീട്ടില്‍ പാര്‍ക്കണം,
വീട്ടുകാരിയാകണം.
പത്തല്‍ ചെടികളാല്‍ നിര്‍മിച്ച
വേലികള്‍ക്കിടയില്‍ വാഴയിലയില്‍
BEWARE” എന്നു ബോര്‍ഡ് തൂക്കണം

ഒറ്റക്കാകുമ്പോള്‍ ഓടിനടക്കാന്‍
വീടിനു ചുറ്റുമൊരു
രണ്ടുവരിപ്പാത നിര്‍മ്മിക്കണം.

വരാന്തകള്‍ മുഴുവന്‍
സ്നേഹം മാത്രം കൊടുത്തു
കുഞ്ഞനുറുമ്പുകളെ വളര്‍ത്തണം .

കിണറ്റിന്‍ ചുവടുകള്‍
കുഴിയാനകള്‍ക്കായ്
വീതിച്ചു നല്‍കണം .

നീളത്തിലുള്ള അടുക്കളയില്‍
സ്വന്തമാണെന്നു ഉറപ്പിക്കാന്‍
അടിക്കടി കയറിയിറങ്ങണം.

പുസ്തകങ്ങളെല്ലാം കയ്യിലെടുത്ത്
വായിക്കാന്‍ മറന്നതായ്
ചുമ്മാ അഭിനയിക്കണം.

ഉടുപ്പൂരാന്‍ മാത്രം മടിയായ്
കുളിമുറിയില്‍ കയറി
തറയില്‍ വെറുതെ കുത്തിയിരിക്കണം.

തലയില്‍ വെള്ളം വീഴുമ്പോള്‍
മാത്രം ഓര്‍ക്കുന്ന കാര്യങ്ങള്‍ എഴുതാന്‍
സോപ്പിന്‍റെ സ്ഥാനത്ത് കടലാസ്സ്‌ വക്കണം.

തീണ്ടാരിയാകുമ്പോള്‍ ഉടുപ്പുണക്കാന്‍
വീട്ടുമുറ്റത്ത് വാഴനാരുകള്‍ പിരിച്ചു
കുറുകെ ഒരു അഴ കെട്ടണം..

പൊട്ടിയ ചെരുപ്പുകള്‍
പിന്നെയും പിന്നെയും പിന്നുകള്‍
വച്ച് കോര്‍ത്തെടുക്കണം.

ഡിസംബര്‍ ആയാലും നമ്മളും
നമ്മുടെ മാസം നോക്കിയും
ജൂലൈയിലെ മഴയില്‍ തങ്ങണം.

കണ്ണാടിയിന്മേല്‍ നോക്കുമ്പോള്‍ മാത്രം
വാങ്ങി വച്ച ക്രീമുകള്‍ എല്ലാം
ഒന്നിച്ചു വാരി തേക്കണം.

പിറന്നാളുകളെല്ലാം ഒരേയൊരു
പരിപ്പുകറിയില്‍ പപ്പടങ്ങള്‍
കുഴച്ചു സേവിക്കണം

രാത്രികളില്‍ മേല്‍ഭാഗം
തുറന്ന മുറിയില്‍
അസ്വസ്ഥതയില്ലാതെയുറങ്ങണം

ഇതെല്ലാം അറിഞ്ഞാണ് നീ
വീട്ടിലേക്കു വരികയെങ്കില്‍
ഇടുന്ന ചായയിലെ പകുതിയും
ഇനിയുണ്ടാകുന്ന എല്ലാ
അത്ഭുതങ്ങളും ഒന്നിച്ച് പങ്കിടാം
ഒറ്റ,ഒറ്റ,ഒറ്റ എന്ന് ഒന്നിച്ചുപാടാം  ..




No comments:

Post a Comment