പിറവിക്കു മുന്നേ
നെയ്തെടുത്ത കുഞ്ഞുടുപ്പിന്‍റെ
മണമായിരുന്നു ആദ്യം.
ഇനിയുള്ളവ മണങ്ങളുടെ
മാനത്തിന് വേണ്ടിയുള്ള
നിന്നു കൊടുക്കലുകള്‍.
വിശുദ്ധവെള്ളത്തില്‍
സ്നാനപ്പെടുത്തിയ
മാമോദീസമണം.
തുടയില്‍ പാടുകള്‍ വീഴ്ത്തിയ
പത്തല്‍ ചെടിയുടെ മണം..
പൊട്ടിയ ബലൂണ്‍
നക്കിയപ്പോള്‍ കിട്ടിയ
"സ്പെഷ്യല്‍"
മണം.
ഒന്നാം ക്ലാസിലെ തുണി സഞ്ചി
നല്‍കിയ പൂപ്പല്‍ മണം.
ആദ്യമായി അരയില്‍ കെട്ടിയ
ചരടിന്‍റെ കുങ്കുമ മണം.
നിന്‍റെ ഷര്‍ട്ടിന്‍റെ ചുളിവുകളില്‍
കളഞ്ഞു കിട്ടിയ പ്രണയമണം
ചുംബനങ്ങളില്‍ പകര്‍ത്തപ്പെട്ട
നാവിന്‍റെ ഉപ്പുമണം..
പിന്നെ ..
ആറടിമണ്ണില്‍ പുതഞ്ഞു പോയ
ചാണകവരളിയുടെ
എന്നേക്കുമുള്ള
മരണമണം.
No comments:
Post a Comment