ഇനി നീ അവസാന താളുകള്‍ മുതല്‍
പുറകോട്ടു മറിച്ചു കൊള്ളുക.
പൊടി പിടിച്ച ശേഖരണ ബുക്കിന്‍റെ
തീര്‍ത്തും അനാഥമായ പുറംചട്ട
ഒഴിഞ്ഞു കിടക്കുന്നുവല്ലോ, തെല്ലും
വക്കുകള്‍ ചുളുങ്ങാതെ.
അവസാന കണ്ണടപ്പില്‍
ഒരു ചിമ്മലില്‍ മിന്നി മറയാന്‍
തക്ക സൂക്ഷിപ്പുണ്ട് നിനക്ക്.
ഞാന്‍ അറിയാതെ അറിഞ്ഞത്,
വാക്കുകള്‍ കൊണ്ട് മോഷ്ടിച്ചത്,
പണ്ടേ ഞാന്‍ പണയം വച്ച -
ഹൃദയത്തില്‍ നിന്നും പിടിച്ചെടുത്തത്.
അന്ന് ഞാന്‍ ചൂണ്ടയില്‍ കൊരുക്കിയ
മീനിന്‍റെ മെലിഞ്ഞ മുള്ളായിരുന്നു
നിന്‍റെ ശേഖരണത്തില്‍ ആദ്യത്തേത്
നിന്‍റെ സ്നേഹത്തെ ഒന്നോടെ കത്തിച്ചു
ഞാന്‍ വലിച്ചെറിഞ്ഞ തീപ്പെട്ടി കൊള്ളി
ഒരു നിമിഷത്തിന്‍റെ അശ്രദ്ധയില്‍
എന്നില്‍ നിന്നും ചോദിച്ചു വാങ്ങിയ
കണ്ണിലകപ്പെട്ട കരട്
എന്‍റെ കറിചട്ടിയില്‍ കരിഞ്ഞുപിടിച്ച
ചീരയിലയുടെ അവസാന തരികള്‍
നിന്‍റെ പരിധിക്കുമപ്പുറം ഞാന്‍ ചീമ്പി-
വലിച്ചെറിഞ്ഞ മുരിങ്ങക്കോലുകള്‍
ഒരു വംശത്തെ അപ്പാടെ നശിപ്പിച്ച
എന്‍റെ പേന്‍ ചീപ്പ്
അവസാനമായി എടുത്തുകളയിക്കപ്പെട്ട
എന്‍റെ പുഴുപ്പല്ലുകള്‍..
മതി..,
ഇനി നീ ആദ്യതാള്‍ മുതല്‍
മുന്നോട്ട് മറിച്ചു കൊള്ളുക.
പൊടിതട്ടിയെടുത്ത ശേഖരണബുക്കിന്‍റെ
സനാധമായ പുറംചട്ടയവിടുണ്ട്
അവസാന പോകലില്‍ നീ നല്‍കുന്ന
അവസാന സൂക്ഷിപ്പും കാത്ത്...
No comments:
Post a Comment