Tuesday, 10 December 2013

*** MUSEUM OF INNOCENCE ****( inspired from the great book Museum of innocence by Orhan Pamuk )

ഇനി നീ അവസാന താളുകള്‍ മുതല്‍
പുറകോട്ടു മറിച്ചു കൊള്ളുക.

പൊടി പിടിച്ച ശേഖരണ ബുക്കിന്‍റെ
തീര്‍ത്തും അനാഥമായ പുറംചട്ട
ഒഴിഞ്ഞു കിടക്കുന്നുവല്ലോ, തെല്ലും
വക്കുകള്‍ ചുളുങ്ങാതെ.

അവസാന കണ്ണടപ്പില്‍
ഒരു ചിമ്മലില്‍ മിന്നി മറയാന്‍
തക്ക സൂക്ഷിപ്പുണ്ട് നിനക്ക്.

ഞാന്‍ അറിയാതെ അറിഞ്ഞത്,
വാക്കുകള്‍ കൊണ്ട് മോഷ്ടിച്ചത്,
പണ്ടേ ഞാന്‍ പണയം വച്ച -
ഹൃദയത്തില്‍ നിന്നും പിടിച്ചെടുത്തത്‌.

അന്ന് ഞാന്‍ ചൂണ്ടയില്‍ കൊരുക്കിയ
മീനിന്‍റെ മെലിഞ്ഞ മുള്ളായിരുന്നു
നിന്‍റെ ശേഖരണത്തില്‍ ആദ്യത്തേത്

നിന്‍റെ സ്നേഹത്തെ ഒന്നോടെ കത്തിച്ചു
ഞാന്‍ വലിച്ചെറിഞ്ഞ തീപ്പെട്ടി കൊള്ളി

ഒരു നിമിഷത്തിന്‍റെ അശ്രദ്ധയില്‍
എന്നില്‍ നിന്നും ചോദിച്ചു വാങ്ങിയ
കണ്ണിലകപ്പെട്ട കരട്

എന്‍റെ കറിചട്ടിയില്‍ കരിഞ്ഞുപിടിച്ച
ചീരയിലയുടെ അവസാന തരികള്‍

നിന്‍റെ പരിധിക്കുമപ്പുറം ഞാന്‍ ചീമ്പി-
വലിച്ചെറിഞ്ഞ മുരിങ്ങക്കോലുകള്‍

ഒരു വംശത്തെ അപ്പാടെ നശിപ്പിച്ച
എന്‍റെ പേന്‍ ചീപ്പ്

അവസാനമായി എടുത്തുകളയിക്കപ്പെട്ട
എന്‍റെ പുഴുപ്പല്ലുകള്‍..
മതി..,
ഇനി നീ ആദ്യതാള്‍ മുതല്‍
മുന്നോട്ട് മറിച്ചു കൊള്ളുക.

പൊടിതട്ടിയെടുത്ത ശേഖരണബുക്കിന്‍റെ
സനാധമായ പുറംചട്ടയവിടുണ്ട്
അവസാന പോകലില്‍ നീ നല്‍കുന്ന

അവസാന സൂക്ഷിപ്പും കാത്ത്...

Thursday, 10 October 2013

**** മ(ര)ണങ്ങള്‍****

പിറവിക്കു മുന്നേ
നെയ്തെടുത്ത കുഞ്ഞുടുപ്പിന്‍റെ
മണമായിരുന്നു ആദ്യം.

ഇനിയുള്ളവ മണങ്ങളുടെ
മാനത്തിന് വേണ്ടിയുള്ള
നിന്നു കൊടുക്കലുകള്‍.

വിശുദ്ധവെള്ളത്തില്‍
സ്നാനപ്പെടുത്തിയ
മാമോദീസമണം.

തുടയില്‍ പാടുകള്‍ വീഴ്ത്തിയ
പത്തല്‍ ചെടിയുടെ മണം..

പൊട്ടിയ ബലൂണ്‍
നക്കിയപ്പോള്‍ കിട്ടിയ
"സ്പെഷ്യല്‍" മണം.

ഒന്നാം ക്ലാസിലെ തുണി സഞ്ചി
നല്‍കിയ പൂപ്പല്‍ മണം.

ആദ്യമായി അരയില്‍ കെട്ടിയ
ചരടിന്‍റെ കുങ്കുമ മണം.

നിന്‍റെ ഷര്‍ട്ടിന്‍റെ ചുളിവുകളില്‍
കളഞ്ഞു കിട്ടിയ പ്രണയമണം

ചുംബനങ്ങളില്‍ പകര്‍ത്തപ്പെട്ട
നാവിന്‍റെ ഉപ്പുമണം..

പിന്നെ ..

ആറടിമണ്ണില്‍ പുതഞ്ഞു പോയ
ചാണകവരളിയുടെ
എന്നേക്കുമുള്ള

മരണമണം.

Friday, 20 September 2013

***വെള്ളത്തില്‍ പെട്ടുപോയ കുറെയധികം വരകള്‍***

ഏഴാം വയസ്സിലാരുന്നു
വരയുടെ കെട്ടു അപ്പാടെ പൊട്ടിയത്‌

ചപ്പാത്തി മാവു കൊണ്ടുള്ള
രൂപ പരീക്ഷങ്ങളൊക്കെയും
ഇന്ന് പാമ്പായും പറവയായും
കുതിച്ചു പായുന്നു

കുളിക്കാനെന്നു പറഞ്ഞു കയറി
പാത്രത്തിലെ അവസാന തുള്ളിയും
വടിച്ചെടുത്തു കൊണ്ടുള്ളയാ
ചിത്രം വരയുണ്ടല്ലോ,
ഭിത്തിയില്‍ നിന്നും
സ്വപ്ന രൂപങ്ങള്‍ ഒന്നോടെ
തറയിലേക്ക് ഇറങ്ങി വരുന്നത്
ഹാ!! മലയേ,വിളക്കേ,പൂമ്പാറ്റെ..

വയസ്സ് ഇരട്ടിച്ചതൊക്കെയുമറിഞ്ഞത്‌
ക്ലാസ്സ്‌ ബോര്‍ഡിന്‍റെ അരികുകള്‍ രസിപ്പിച്ച
അമ്പരപ്പിക്കുന്ന ചിത്രപ്പണികള്‍
പൂത്തിറങ്ങിയപ്പോഴും
കോമ്പസിനു ചിറകുകള്‍ മുളച്ചുണ്ടായ
ചില ജാമ്യതീയ രൂപങ്ങള്‍ കണ്ടു
ഉള്ളു തണുത്തപ്പോഴുമായിരുന്നു.


പിന്നെയൊരു ചിത്രകാലം.
മാവില വീഴുന്നതു
കുഴിയാന ഇഴയുന്നത്
വഴി നീളുന്നത്
ഒറ്റക്കണ്ണിന്‍റെ കണ്ണീര്
നിന്‍റെ നുണക്കുഴി
നീ
ഞാന്‍
നമ്മള്‍..

അതിനു ശേഷമുണ്ടായവ
ടെലിഫോണ്‍ ഡയറക്ടറിയുടെ
പേരറിയാ പേജുകളിലും
കട്ടില്‍ കാലുകളിലും
ആലേഖനം ചെയ്യപ്പെട്ടു.

അവസാനമുണ്ടായ ഒന്നിനെ
മനസ്സിന്‍റെ തൂക്കുഡബ്ബര്‍ കൊണ്ടു
ഒറ്റയൊരു മായ്ക്കലായിരുന്നു.

ചത്തുപോയ പറവകള്‍ ,
വെളുത്ത ബോര്‍ഡുകള്‍,
വീഴാന്‍ അറച്ച മാവില,
മണ്ണില്‍ പുതഞ്ഞ കുഴിയാന ,
വാശിക്ക് കരയുന്ന കണ്ണുകള്‍,
ഒട്ടിയ കവിളുകള്‍ ,
നീയില്ല
ഞാന്‍ ഇല്ല
നമ്മളും ഇല്ല .

എല്ലാം ഇല്ലാതായിട്ടും
ഇനിയുള്ള കുറച്ചു ചിത്രങ്ങള്‍

വെള്ളത്തില്‍ വരക്കട്ടെ!! 

Saturday, 24 August 2013

**അപ്പൂപ്പന്‍ വളര്‍ത്തിയ കുട്ടികള്‍ക്ക്‌ പറയാനുള്ളത്‌**

അപ്പൂപ്പനെ കണ്ടാകും , പല്ലുകളില്ലാതെ
തുപ്പലില്‍ തിളങ്ങിയ മോണ കാട്ടി
ചിരിക്കാന്‍ ആദ്യമേ പഠിച്ചത്.

കഞ്ഞിയുടെ വറ്റുകളും
പ്ലാവില സ്പൂണുമായിരുന്നു
ചോറൂണല്‍ ഇലയുടെ വലത്തെ തുഞ്ചത്ത്.

കാണാത്ത കണ്ണു കൊണ്ടു
വലിച്ചുനീട്ടി എഴുതിച്ചാകണം
കണ്ണുകളിത്ര നീണ്ടുപോയത്‌.

നീണ്ട ചാരുകസേരയില്‍ മുട്ടിതട്ടിയപ്പോള്‍
കിട്ടിയ മൂന്നു സ്ടിച്ചുകള്‍
ഇടത്തെ താടിയിന്മേല്‍
ഇടക്കിടക്ക്‌ ബാല്യത്തെ
വലിച്ചിളക്കുന്നുമുണ്ട്.

ആദ്യത്തെ വാക്കില്‍ അമ്മക്കു പകരം
അപ്പൂപ്പാ എന്നായത് വെറുതെയായിരുന്നില്ല.

ഒരു കുഞ്ഞു കൊതുകുവലക്കുള്ളില്‍
തീര്‍ത്തു തന്ന ഒരു വല്യ ലോകത്തെ
ഇന്നും തെരു തെരെ ഉമ്മ വയ്ക്കുന്നുണ്ട്‌.

ആനക്കണ്ണാടിയുടെ ഓരം ചേര്‍ന്നാകണം
ഇത്തിരികുഞ്ഞന്‍ അക്ഷരങ്ങളെ
കൂട്ടി കൂട്ടി വായിച്ചറിഞ്ഞത്.

വെറ്റിലയുടെ ബാക്കിവാങ്ങിയാകണം
ഗണിതത്തിനെ അക്കമിട്ടു അടുക്കിവച്ചതും

ഇന്നും

തെക്കേതൊടിയില്‍ ചിലയിടങ്ങളില്‍
പുല്ലു പടരുമ്പോള്‍ കയ്യെത്തിപ്പറിച്ച്
ഇറങ്ങിചെല്ലുന്നത് ആ നെഞ്ചിലേക്ക്

കുഞ്ഞിക്കയ്യും വിരിച്ചു അമരാനാണ്

Saturday, 20 July 2013

***ഒന്നിച്ചു മരണപ്പെടുന്നവര്‍***

ബോര്‍ഡ്‌ ഇല്ലാത്ത ഒരു
ഒറ്റയാന്‍ ബസ്സ് ആയിരുന്നുവത്
തിരക്കു കൂട്ടി തള്ളി മാറ്റി
പിടിച്ചു കയറിയപ്പോഴൊന്നും
അറിയില്ലായിരുന്നു , ഒരേ ലേബലില്‍
കൂട്ടത്തോടെ അറിയപ്പെടുന്നവര്‍
ആകും ഒരിക്കല്‍ നമ്മളെന്ന്!
അങ്ങനെയെങ്കില്‍ എന്നുമോര്‍ക്കുന്ന
ഒരു അന്യായ ചിരി തന്നേനെയല്ലോ .

അന്നമ്മ കടിഞ്ഞൂല്‍ കണ്മണിയെ
കാണാന്‍ കയറിയ വണ്ടിയാരുന്നു അത്
ഏറ്റവും പുറകില്‍ അക്ഷരശ്ലോകം ചൊല്ലുന്ന
ഒരു അപ്പാപ്പനുണ്ടായിരുന്നു
അരഞാണ്‍ ബ്ലൌസിനുടമകള്‍
ഒരുപാട് മുന്നില്‍ അലസമായി നിന്നിരുന്നു.

അന്നമ്മ ബസ്സിനെ കുഞ്ഞുടുപ്പും
തുണിതൊട്ടിലും കൊണ്ട് അലങ്കരിച്ചു.
അങ്ങോളം ഇങ്ങോളം അക്ഷരശ്ലോകസദസ്‌
നടത്തി കൂട്ടം ചേര്‍ന്ന് അപ്പാപ്പനും.

ഒന്നിച്ചു മരണപ്പെടുന്നവര്‍ക്ക്‌
അന്നെ ദിവസം ഒരു മുഖ ച്ഛായ ആകും.
രണ്ടാവര്‍ത്തി യാത്ര പറഞ്ഞിറങ്ങിയവര്‍
മൂന്നാവര്‍ത്തി തിരികെ കയറിയവര്‍
നാലാവര്‍ത്തി തിരിഞ്ഞു നോക്കിയവര്‍.
ആശയും പ്രത്യാശയും നിരാശയും
ഒന്നിച്ചുള്ള ഒരു യാത്ര.

അടുങ്ങിക്കിടന്നവയിലെവിടൊക്കെയോ
ഉറങ്ങാന്‍ പോകുന്ന കല്ലറസ്വപ്നം കണ്ടവരുടെ
മുഖങ്ങള്‍ മാത്രം തിരിച്ചറിയത്ത വിധം

ഒളിഞ്ഞു കിടന്നിരുന്നു...

Wednesday, 1 May 2013

***ചില കുരുടന്‍ കാഴ്ചകള്‍ ***

കണ്ണു കെട്ടി ഇരുട്ടിനെ കളിപ്പിച്ച്
നമുക്കോടണം
വെളിച്ചത്തിന്‍റെ കുടിയിലേക്ക്.
ചാവടിപ്പടിയിന്മേല്‍ അപ്പോഴും
നീ ഞാന്‍ പറഞ്ഞ നിറങ്ങള്‍
ഓര്‍ത്തോര്‍ത്തു എണ്ണി
തരംതിരിക്കുവാരുന്നു.

ഇല്ല,
നീലയ്ക്ക് മുന്നേ പച്ച വരില്ല
ഇലകള്‍ക്ക് മുന്നേ ഉണ്ടായത്
നീലക്കടലെന്നു നീ
ചൊല്ലിത്തന്നിരുന്നില്ലേ?
നിറങ്ങള്‍ക്കൊന്നും
നിറങ്ങളേ ഇല്ലയെന്നു
കള്ളം പറഞ്ഞില്ലേ?

അപ്പോഴും
നീയറിയുന്നില്ല,
നീ നടന്നടുക്കുമ്പോള്‍
ചുറ്റിനും ഉണ്ടാകുന്ന
മാസ്മരിക നിറത്തെക്കുറിച്ച്.

ഒരിക്കലും
നീയറിഞ്ഞിരുന്നില്ല ,
നിന്‍റെ ഊന്നു വടികള്‍ മണ്ണില്‍
പതിയുമ്പോളുള്ള ചെങ്കല്ലിന്‍റെ
മങ്ങിയ ചുവപ്പിനെക്കുറിച്ച്.

നിന്‍റെ കണ്‍പീലി എഴുതുമ്പോള്‍
വിങ്ങുന്ന കറുപ്പിനെക്കുറിച്ച്,

നീ പോകുന്ന ഇളം മഞ്ഞ
ഇടനാഴിയെക്കുറിച്ച്..

ഗന്ധങ്ങളില്‍ നിറങ്ങളെ
തിരിച്ചറിഞ്ഞുവെങ്കില്‍
നീ അറിയുന്ന ആദ്യ നിറം
എന്‍റെതാകുമോ ?

ഇനി പോരൂ,

നിന്‍റെ കണ്ണുപൊത്തിക്കളി
അവസാനിപ്പിച്ചു വന്ന്
എന്‍റെ കണ്ണിനു ചുറ്റും
ഒരു കടുംകെട്ടു കെട്ടണം.
ഞാന്‍ അറിയാത്ത ,
നിന്‍റെ സ്വതന്ത്ര ലോകത്തൂടെ
ഒരു യാത്ര പോകട്ടെ.

തിരിച്ചു വരും വരെ
കണ്ണീരിലെ മഴവില്‍ നിറങ്ങളില്‍
ഒളി(ലി)ച്ചു പോയവയെ മാത്രം തേടി
നീ കാത്തിരിക്കണം.

അപ്പോഴും നീ അറിയുന്നില്ല ,
ഒന്നുമറിയാതെ കണ്ണു ചിമ്മി ചിമ്മി
നീയിപ്പോള്‍ കാണുന്ന തെളിഞ്ഞ

സ്വപ്‌നങ്ങള്‍ക്കൊക്കെയിനി ദീര്‍ഘയുസ്സാ!!

Sunday, 21 April 2013

**പള്ളിക്കൂടം നമുക്ക് വീതിച്ചു തന്നത് **

      


നീയന്നെന്തൊരു കുഞ്ഞായിരുന്നു.
കുട്ടി നിക്കറിനടിയില്‍
വെള്ളിയരഞ്ഞാണം കാണിച്ചു,
ഒടിഞ്ഞ തൂക്കു ഡബ്ബറില്‍
ഒരു കൂന നാണമൊളിപ്പിച്ച -
ഒരു ഇത്തിരി കുഞ്ഞ്.

നീ വന്ന വഴികളിലെല്ലാം
പുളി മരമായിരുന്നില്ലേ ?
ഒരു കീശയില്‍ അട മാങ്ങയും,
മറു കീശയില്‍ പയറു തോരനും,
തുടയില്‍ അമ്മ നുള്ളിയ പാടും,
ഹാ !!
ഇന്നത്തെ ഓര്‍മ്മകള്‍
അന്നു കഴിച്ച പുളിയിലാകാം
തികട്ടിയെടുക്കുന്നത്.

നീ കാണിക്കുന്ന പുതിയ
പുസ്തങ്ങളിലെല്ലാം
പഴമക്കാര്‍ കുറിച്ചിട്ട
വരകളും പുള്ളികളുമായിരുന്നു.
എങ്കിലും നീ നീക്കി വച്ച പുത്തകങ്ങള്‍
എനിക്ക്മാത്രം പുത്തനായിരുന്നു.

നിന്‍റെ വക്കു പൊട്ടിയ ല്ല’,
എന്‍റെ പിടി വിട്ടു പോയ ’,
പിന്നീട് ക്ക ങ്ക ങ്ങ യില്‍ കുഞ്ഞു ലോകം
കടന്ന വല്യ നമ്മള്‍.

നിന്‍റെ ഉച്ചപ്പാത്രത്തിലെ ചൂടത്തോരന്‍,
കാച്ചിയ മോര്,
തൈരിട്ട മുളക്,
എന്നും ഞാന്‍ നക്കി തുടക്കുന്ന
നിന്‍റെ വിരലിന്‍റെ സ്വാദ്,
അന്നത്തെ എരിവുകളില്‍
മാത്രമാകാം ഇന്നു കണ്ണിനു
എന്നുമില്ലാത്ത ചുവപ്പ് .

ഇന്നു നീ എത്ര വലുതാ !!

ഇനിയുമൊരു കല്ലുകൊത്തിക്കളിക്ക്
ബാല്യം വേണം എനിക്ക്.
നിന്‍റെ അടുത്ത് വെറുതെയിരിക്കാന്‍ ,
പെന്‍സിലിന്‍റെ അരികു നുണയാന്‍,
ഒന്നിച്ചു മാഷിന്‍റെ നുള്ളു കൊള്ളാന്‍,
കാലു കൊണ്ട് ഗുസ്തി പിടിക്കാന്‍,
നീ നടുന്ന ചെടിക്ക് വെള്ളമൊഴിക്കാന്‍,
പെയ്യുന്ന മഴയിലെല്ലാം
കുടയില്ലാതെ നിന്നോടൊതുങ്ങാന്‍,
നിന്‍റെ അഞ്ജാത പെണ്‍സംശയങ്ങള്‍ക്ക്
മാത്രം ഉത്തരമോതാന്‍,
പൊട്ടിച്ചിരിക്കാന്‍,
ചിരിച്ചുകണ്ണു നിറയ്ക്കാന്‍.

നിനക്കറിയാം
അന്നു നമ്മള്‍ ചുമന്ന ,
ഒത്തിരിയോര്‍മയുടെ കനമുള്ള,
അലൂമിനിയംപെട്ടി നിറയെയിന്നു നമ്മളാന്ന്.

എല്ലാ ജൂണ്‍ ഒന്നിനും
വെറുതെ തുറക്കുന്ന,
ഞാന്‍ വെറുതെ മണപ്പിക്കുന്ന,
നമ്മുടെ ലോകമൊളിപ്പിച്ചയാ,
പള്ളിക്കൂടത്തിന്‍റെ മണമുള്ള

പഴയ അലൂമിനിയപ്പെട്ടി.